മനാമ: നാസർ ബിൻ ഹമദ് പ്രീമിയർ ഫുട്ബാൾ ലീഗ് കിരീടം അൽ ഖൽദിയ ക്ലബ് സ്വന്തമാക്കി. ഇസ ടൗൺ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ബഹ്റൈൻ ക്ലബുമായി നടന്ന മത്സരത്തിൽ 1-1ന് സമനില നേടിയ അൽ ഖൽദിയ 42 പോയന്റുമായി ലീഗ് ടേബിളിൽ ഒന്നാമതെത്തി.അൽ ഖൽദിയയുടെ ആദ്യ ഫുട്ബാൾ പ്രീമിയർ ലീഗ് കിരീടമാണിത്.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ചടങ്ങിൽ സന്നിഹിതനായിരുന്നു.
നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഷീൽഡും 75,000 ദിനാർ കാഷ് പ്രൈസും അൽ ഖൽദിയ ക്ലബിന് ശൈഖ് ഖാലിദ് ബിൻ ഹമദ് സമ്മാനിച്ചു. ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയ മഹ്മൂദ് ജനാഹിയുടെ നേതൃത്വത്തിലുള്ള അൽ ഖൽദിയ ക്ലബിനെ ശൈഖ് ഖാലിദ് അഭിനന്ദിച്ചു. ഈ സീസണിൽ ദേശീയ ക്ലബ്ബുകളുടെ മെച്ചപ്പെട്ട പ്രകടനത്തെയും ഫുട്ബോൾ സീസണിലുടനീളം കളിക്കാർ പ്രദർശിപ്പിച്ച മികച്ച നിലവാരത്തെയും ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അഭിനന്ദിച്ചു.