മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് പതിപ്പിന് ബഹ്റൈനിൽ തുടക്കമായി. പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ പരമ്പരാഗത കായിക ഇനങ്ങളായ തുഴച്ചിൽ, ഡൈവിങ്, മത്സ്യബന്ധനം തുടങ്ങിയ മത്സരങ്ങൾ ഉൾപ്പെടും. ഖലീഫ ബിൻ സൽമാൻ പാർക്കിന് സമീപമുള്ള ഭാഗത്ത് നിന്ന് ബഹ്റൈൻ നാഷണൽ മ്യൂസിയത്തോട് ചേർന്നുള്ള പ്രദേശം വരെ 3000 മീറ്റർ ദൂരമാണ് മത്സരം നടന്നത്. 11 പേരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷം 16 ടീമുകളിലായി 250 പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പരമ്പരാഗത വള്ളങ്ങളാണ് മത്സരങ്ങളിൽ അണിനിരന്നത്. ഈ സീസണിൽ പുതിയ മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ബഹ്റൈൻ കമ്മിറ്റി ഫോർ പോപ്പുലർ ഹെറിറ്റേജ് സ്പോർട്സ് സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നാണ് മറൈൻ ഹെറിറ്റേജ് സ്പോർട്സിനായുള്ള നാസർ ബിൻ ഹമദ് സീസൺ. അടുത്ത ഒക്ടോബർ വരെ സീസൺ നീണ്ടുനിൽക്കും.