അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്.
പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ അമ്മ 100–ാം വയസ്സിലേക്ക് പ്രവേശിച്ചപ്പോൾ മോദി ഗാന്ധിനഗറിലെ വീട്ടിൽ പദപൂജ നടത്തിയിരുന്നു.
“ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിലൂടെ എനിക്ക് അറിയാനായിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അമ്മ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു – ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക,” മോദി ട്വിറ്ററിൽ കുറിച്ചു.