‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം ഇപ്പോൾ പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്, ആയുധങ്ങളും ബോംബുകളും മാത്രമല്ല ഉപയോഗിക്കുന്നത്. സമൂഹത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ്. തീവ്രവാദം കേരള സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദത്തെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു. ബെല്ലാരിയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും ഉള്ളവരുടെ മനോഹരമായ നാടാണ് കേരളം. അവിടെ തീവ്രവാദ ശക്തികള്‍ എങ്ങനെ വളരുന്നു എന്നത് സിനിമ അനാവരണം ചെയ്യുന്നുവെന്ന് നരേന്ദ്രമോദി വിശദീകരിച്ചു.
അതേസമയം വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് സ്റ്റേ ഇല്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാവ് അറിയിച്ചു എന്നും കോടതി പറഞ്ഞു. ടീസറും ട്രെയിലറും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. സിനിമ ഇന്ന് തീയറ്ററുകളിലെത്തി.