ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ 2010-ന് ശേഷം വിതരണംചെയ്ത മുഴുവന്‍ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് 2011 മുതല്‍ അധികാരത്തിലിരിക്കുന്ന തൃണമൂല്‍ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റുകള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കിയത് വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് മോദി ആരോപിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയം, ഈ പ്രീണനരാഷ്ട്രീയം എല്ലാ പരിധിയും കടന്നിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ന് കോടതി അവരുടെ മുഖത്തടിച്ചു. ഖാന് മാര്‍ക്കറ്റ് ഗാങ് ആണ് ഈ പാപങ്ങള്‍ക്ക് ഉത്തരവാദികള്‍. രാജ്യത്തിന്റെ വിഭവങ്ങള്‍ക്കുമേല്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് അവര്‍ പറയുന്നു, മോദി പറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി
പ്രതിപക്ഷത്തിനെതിരേ കടുത്ത ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്. വോട്ടിന് പകരമായി പ്രതിപക്ഷം സര്‍ക്കാര്‍ ഭൂമി വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കുകയാണ്. രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനം ന്യൂനപക്ഷത്തിനുവേണ്ടി മാറ്റിവെക്കാനാണ് ഇവര്‍ താല്പര്യപ്പെടുന്നത്. ബാങ്ക് വായ്പകളും സര്‍ക്കാര്‍ ടെന്‍ഡറുകളും മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാനാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് ഇക്കൂട്ടര്‍ സി.എ.എയെ എതിര്‍ക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. വിധി അംഗീകരിക്കില്ലെന്നും ഒ.ബി.സി. സംവരണം തുടരുമെന്നും എക്കാലവും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധി പുറപ്പെടുവിച്ചവര്‍, അത് അവരുടെ പക്കല്ത്തന്നെ സൂക്ഷിച്ചാല്‍ മതിയെന്നും ബി.ജെ.പിയുടെ അഭിപ്രായം തങ്ങള്‍ അംഗീകരിക്കില്ലെന്നും ദംദം ലോക്സഭാ മണ്ഡലത്തിലെ ഖാര്‍ദയില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേ മമത കൂട്ടിച്ചേര്‍ത്തു.