തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയിലെ ഉന്നതര്‍ തനിക്കെതിരെ തിരിഞ്ഞുവെന്നതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി, അന്‍വറുമായി തെറ്റിയ കാര്യത്തില്‍ മാധ്യമങ്ങള്‍ തന്നെ ഗവേഷണം നടത്തി കാരണം കണ്ടുപിടിക്കൂവെന്നും പറഞ്ഞു.
‘എന്റെ ഓഫീസ് ആ തരത്തില്‍ ഇടപെടുന്ന ഒരു ഓഫീസ് അല്ല. ഓഫീസിലുള്ള ആരും ഇടപെട്ടതിന്റെ ഭാഗമായി ഈ പറയുന്ന വ്യക്തി അന്നത്തെ നിയമസഭയില്‍ ഉന്നയിച്ചതുമല്ല. നിയമസഭയില്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മാപ്പ് പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടാകും. അതിന് സഹായകമാകുമെങ്കില്‍ അത് നടക്കട്ടെ. അതിന് വേണ്ടി ഞങ്ങളെയും എന്റെ ഓഫീസിനെയും ഉപയോഗിക്കേണ്ടതില്ല എന്നേയുള്ളു’ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നായിരുന്നു പിവി അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചത്.
‘ധര്‍മടത്ത് ഞാന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഞാന്‍ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അന്‍വറല്ല. അക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കും. താന്‍ ഒരു വിലയിരുത്തലിലേക്കും കടക്കുന്നില്ല.’ മുഖ്യമന്ത്രി വ്യക്തമാക്കി.അന്‍വര്‍ എന്തും പറയുന്ന ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പാട്ട് വിവാദവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിച്ചു. വല്ലാതെ അധിക്ഷേപിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്‍പ്പം പുകഴ്ത്തല്‍ വന്നാല്‍ വല്ലാത്ത അസ്വാസ്ഥ്യം നിങ്ങള്‍ക്കുണ്ടാക്കുമെന്ന് മാധ്യമങ്ങളോട് സരസമായി അദ്ദേഹം പറഞ്ഞു. സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ. അങ്ങനെയുള്ള ആളുകള്‍ക്ക് ഇതുകാരണം വല്ലാത്ത വിഷമം ഉണ്ടാകും. അതിനെ അങ്ങനെ കണ്ടാല്‍ മതി- അദ്ദേഹം വ്യക്തമാക്കി. തങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കുന്നവരല്ലെന്നും അതിന്റെ ഭാഗമായി ഏതെങ്കിലും കാര്യങ്ങള്‍ ആര്‍ക്കും നേടാനും കഴിയില്ലെന്നും അതാണ് പൊതു സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.