കണ്ണൂര്: പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ജനാധിപത്യ സമൂഹത്തിനുള്ളിൽ ആശയങ്ങളെ നിഷേധിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു ആശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പാലക്കാട് വിക്ടോറിയ കോളേജിലാണ് ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച കോളേജിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെ ഷോ നടത്തിയതിനെതിരെ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി.