
തിരുവനന്തപുരം: മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതിക്ക് 177 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ ഇവിടെ അടുപ്പിക്കാനാവും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറു വില്ലേജുകൾക്ക് അഞ്ചു കോടി രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹാര്‍ബറിന്റെ സുരക്ഷയും അടിസ്ഥാനസൗകര്യ വികസനവും കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടി രൂപയായത്.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെയാണ് (സി.ഡബ്ല്യു.പി.ആര്.എസ്) ചുമതലപ്പെടുത്തിയിരുന്നത്. അവര്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. പുതിയ വാര്‍ഫ്, ലേല സംവിധാനം, വാട്ടര്‍ ടാങ്കുകള്‍, റോഡ് നിര്‍മാണം, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. വാമനപുരം നദി അറബിക്കടലുമായി ചേരുന്ന മുതലപ്പൊഴിയില്‍ തുടരെയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവന് നഷ്ടമായതോടെയാണ് വിഷയം വിശദമായി പഠിക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സി.ഡബ്ല്യു.പി.ആർ.എസ്. സമര്‍പ്പിച്ചത്.
