
തിരുവനന്തപുരം: മണല്‍ മൂടി മുതലപ്പൊഴി പൊഴിമുഖം അടഞ്ഞതിനെ തുടർന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പെട്ടെന്നാണ് മന്ത്രിയുടെ വസതിക്കു മുന്നിലേക്കു പ്രതിഷേധവുമായി എത്തിയത്. ഒരു വനിതാ പ്രവര്‍ത്തക മന്ത്രിയുടെ വീട്ടിലേക്കു കടന്നുകയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. മണല്‍ നീക്കാന്‍ കാര്യക്ഷമമല്ലാത്ത ഡ്രജര്‍ ഇറക്കി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം.
ജോലിക്കു പോകാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രദേശത്ത് വലിയതോതില്‍ മണല്‍ അടിഞ്ഞുകൂടി ഹാര്‍ബറിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. പലഭാഗങ്ങളിലും രൂക്ഷമായ പ്രളയസാധ്യതയാണ് നിലനില്‍ക്കുന്നത്. കഠിനംകുളം കായലില്‍നിന്ന് വെള്ളം ഒഴുകി കടലില്‍ ചേരാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ സിഐടിയുവിന്റെയും ഐഎന്‍ടിയുസിയുടെയും നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി യൂണിയനുകളും സമരത്തിലാണ്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി റീത്തു വച്ചു.
മണല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് ഡ്രജര്‍ എത്തിച്ചത്. എന്നാല്‍ അതു കാര്യക്ഷമമല്ലെന്നാണ് സമരക്കാരുടെ ആക്ഷേപം. 11 വര്‍ഷത്തിനു ശേഷമാണ് മണല്‍മൂടി പൊഴിമുഖം പൂര്‍ണമായി അടയുന്നത്. ഇതോടെ മറുവശത്ത് അഴൂര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. സീസൺ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അടിയന്തരമായി മണല്‍ നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ആയിരത്തില്‍പരം ബോട്ടുകളും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികളും ബോട്ടിറക്കാന്‍ കഴിയാതെ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമാണ് പ്രദേശത്തുള്ളത്.
