
കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ കോഴിക്കോട്ട് അറബിക്കടലിന്റെ തീരത്ത് മനുഷ്യക്കടല്‍ തീര്‍ത്ത് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനക്കൂട്ടമാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുക്കാനെത്തിയത്.
‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന് പറഞ്ഞത് ശരിയാകുകയാണെന്ന് മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പൗരന് സ്വത്ത് ഇഷ്ടമുള്ള രീതിയില്‍ കൈകാര്യം ചെയ്യാം. പൗരന്റെ സ്വത്തിന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ കാവല്ക്കാരന് കയ്യേറുന്ന അവസ്ഥയാണ്.
കേന്ദ്രം അടുത്തകാലത്ത് കൊണ്ടുവന്ന ബില്ലുകളെല്ലാം മുസ്ലിം വിരുദ്ധതയും വര്‍ഗീയതയും ഇളക്കിവിടുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റിനെ മാറ്റി. വഖഫ് കേസില്‍ കോടതി വാദികളുടെ ഭാഗം കേള്‍ക്കാന്‍ തയറായത് തന്നെ പ്രതീക്ഷാവഹമാണ്. പല നിലയ്ക്കും സാമ്രാജ്യത്വവും ഫാസിസവും കടന്നു വരുന്നു. അതില്‍ പലതും ഇപ്പോള്‍ മുസ്ലിംകള്ക്കെതിരാണ്. നാളെ മറ്റാര്‍ക്കെങ്കിലുമെതിരാകാം.

മുനമ്പത്തുനിന്ന് ആരും കുടിയിറക്കപ്പെടരുതെന്ന് ലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ് ലീഗ്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. എന്നാല്‍ നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയ നേട്ടത്തിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ബി.ജെ.പി. ഭാരതീയ നുണ പാര്‍ട്ടിയായി മാറിയെന്ന് മുഖ്യാതിഥിയായ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ വഖഫുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ എല്ലാ നുണകള്‍ക്കും മറുപടി പറഞ്ഞു. നിയമസഭയില്‍ എല്ലാ നുണകളും പൊളിച്ചു. ബി.ജെ.പി. നുണയും കള്ളവും മാത്രമാണ് പറയുന്നതെന്നും അദ്ദേഹം മലയാളത്തില്‍ പറഞ്ഞു.

പൗരത്വ ബില്‍ അറബിക്കടലിലായെന്ന് അദ്ധ്യക്ഷത വഹിച്ച ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതു തന്നെയായിരിക്കും വഖഫ് നിയമ ഭേദഗതിക്കും സംഭവിക്കുക. താങ്ക്സ് മോദി എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെ മുനമ്പത്ത് കൊണ്ടുവന്നു. മുനമ്പം കേസും വഖഫും തമ്മില്‍ ബന്ധമില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഓണത്തിനിടയില്‍ പുട്ടുകച്ചവടം നടത്തുകയാണ് കേരള സര്‍ക്കാര്‍. എന്ത് ലാഭം കിട്ടുമെന്നാണ് നോക്കുന്നത്. രണ്ട് പ്രബല വിഭാഗത്തെ തമ്മിലടിപ്പിക്കണമെന്ന് മാത്രമേ എല്‍.ഡി.ഫിനുള്ളൂ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് എത്ര വോട്ടു കിട്ടുമെന്ന് കാത്തിരുന്നു കാണാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെലങ്കാന വനിത- ശിശുക്ഷേമ മന്ത്രി ദന്‍സാരി അനസൂയ സീതാക്ക, മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന് എന്നിവരും പ്രസംഗിച്ചു.
