കോട്ടയം : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
കൊറോണ ബാധിതനായിരുന്നു. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. ഇതിന് ശേഷം രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് വൈകുന്നേരം ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി ഇതുവരെ രണ്ടായിരത്തിലധികം പാട്ടുകൾക്ക് അദ്ദേഹം രചനയും സംഗീതവും നിർവ്വഹിച്ചു. നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾക്കും അദ്ദേഹം രചനയും സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്. 1973 ൽ ജീസസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്.