മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ “ശ്രീരാഗം” എന്ന പേരിൽ സംഗീതാർച്ചന നടക്കുകയുണ്ടായി. നൂറ് കണക്കിന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ചും സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകിയും ശരത്തിനെ ആദരിച്ചു.
ചടങ്ങിൽ ശരത് കുടുംബാംഗങ്ങളുമായി നർമ്മ രസങ്ങളുമായി സംവദിക്കുകയും അദ്ദേഹം ചിട്ടപ്പെടുത്തിയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഏവരെയും സംഗീതത്തിൻറെ ആനന്ദ സാഗരത്തിൽ എത്തിച്ചു. പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം പാർവതി മേനോന്റെ ഗാനസുധയും ഉണ്ടായിരുന്നു. വർണ്ണാഭമായ ചടങ്ങിൽ പരിപാടിയുടെ സ്പോൺസർമാരെ ശരത്ത് ഉപഹാരം നൽകി ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകിയ പരിപാടിയിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.