രാജ്കോട്ട്: ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന് ഗുജറാത്തിൽ എട്ടുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. രാജ്കോട്ട് ജില്ലയിൽ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ രണ്ടാനമ്മയുടെ പരാതിയിൽ അച്ഛനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
നേപ്പാള്‍ സ്വദേശിയായ സിദ്ധരാജ് ഭുല്ലാണ് മകനെ അടിച്ചുകൊന്നത്. ഒരു റെസിഡൻഷ്യൽ സൊസേറ്റിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ് ഇയാൾ. സിദ്ധരാജ് ഭുല്ലിന്റെ ഇളയ മകൻ സൗരഭാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച കുട്ടി ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നു.ഇതിൽ പ്രകോപിതനായ പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഭിത്തിയില്‍ ചേര്‍ത്ത് ഇടിച്ചതായും റിപ്പോർട്ടുണ്ട്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാജ്കോട്ട് സിവിൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കേറ്റിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് പറയുന്നത്. എന്നാൽ മരണത്തിന് കാരണമായ മുറിവേതാണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. കുട്ടിയുടെ രണ്ടാനമ്മയായ ബിനിതയാണ് ഭുല്ലിനെതിരെ പരാതി നൽകിയത്. എന്നാൽ കളിക്കുമ്പോള്‍ വീണാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നാണ് അച്ഛന് ആദ്യം മൊഴി നല്‍കിയത്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മകനെ തല്ലിയിരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തിയത്.