തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന് എംപി. തന്റെ പരാമര്‍ശം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അതില്‍ ദുരഭിമാനം വിചാരിക്കില്ലെന്നും മുരളീധരന് പറഞ്ഞു. സൗന്ദര്യം ഉണ്ടെന്നത് അശ്ലീല ചുവയാണെന്ന് ഞാന്‍ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
കെ മുരളീധരന്റെ പ്രതികരണം
ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരകളാണ്. അത് പ്രത്യേകിച്ച് എടുത്തു പറഞ്ഞു. സിനിമാ സംവിധായകരായിരുന്നു പി സുബ്രഹ്മണ്യം, എംപി പത്മനാഭന് ഉള്‍പ്പെടെ ഇരുന്ന കസേരയാണ്. തങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നുവെന്ന് യുഡിഎഫിന്റെ കൗണ്‍സിലര്‍മാര്‍ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. നിരാഹാരം ഇരിക്കുന്ന കൗണ്‍സിലര്‍മാരെ ചാടികടന്നുകൊണ്ട് മേയര്‍മാര്‍ പോകുന്നു. ഇതൊരു പക്വതയില്ലാത്ത തീരുമാനമാണ്. ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു.
എന്നാല്‍ എന്റെ പ്രസ്താവനയില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്നം ഉണ്ടാവാന്‍ പാടില്ലായെന്നത് എന്റെ നിര്‍ബന്ധമാണ്. എന്തിരുന്നാലും തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്. ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നു. ഖേദം പ്രകടിപ്പിക്കുന്നതില്‍ ഒരു ദുരഭിമാനവും വിചാരിക്കുന്നില്ല. സൗന്ദര്യം ഉണ്ടെന്നത് അശ്ലീല ചുവയാണെന്ന് ഞാന്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. അത്തരം ഒരു ദുരുദേശം എനിക്ക് ഇല്ല. കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ കൂട്ടുനിന്ന ആനാവൂര്‍ നാഗപ്പന് കെ മുരളീധരന് സര്‍ട്ടിഫിക്കറ്റ് തരാന്‍ ആനാവൂര്‍ നാഗപ്പന് ആയിട്ടില്ല. എന്റെ പ്രസ്താവന മേയറെ വിഷമിപ്പിച്ചുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.