
ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടത്തുന്നത്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യാനോ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് സിപിഎമ്മിന്റെ അടക്കം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ രഹസ്യമായ കയ്യേറ്റം ഒഴിപ്പിക്കൽ.


