
കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന് വഖഫ് ട്രിബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്കിയ സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുന്‍പാകെ വാദിച്ചിരുന്നു.
ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയപ്പോള്‍ ഭൂമിയുടെ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂര്‍ണമായും നല്‍കിയതായി പരാമര്‍ശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകന് വാദിച്ചത്. അതേസമയം, സിദ്ദിഖ് സേഠിന്റെ രണ്ടുമക്കള്‍ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
വഖഫ് ആധാരത്തില്‍ രണ്ടുതവണ വഖഫ് എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയാണെന്നായിരുന്നു വഖഫ് ബോര്‍ഡ് കഴിഞ്ഞദിവസം വാദിച്ചത്. എന്നാല്‍, ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളേജിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഫാറൂഖ് കോളേജ് മത-ജീവകാരുണ്യസ്ഥാപനമല്ലാത്തതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നായിരുന്നു മുനമ്പം നിവാസികളുടെ വാദം.
