തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലഹരിമരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയ നേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ചു നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണു രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.


