പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് എക്സൈസ് തിരുവ മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ് എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ.രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍വില എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ ഇരുട്ടടി. ഇത് അവശ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിലവര്‍ധനവിന് വഴി വയ്ക്കും. എക്സൈസ് തിരുവ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 135 ഡോളര്‍ ആയിരുന്നു. അന്ന് സബ്സിഡി നല്‍കിയാണ് യു.പി.എ സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നില്ലെന്നു മാത്രമല്ല ഇടയ്ക്കിടയ്ക്ക് എക്സൈസ് തിരുവ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ് അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. സ്വാകാര്യ എണ്ണ കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്.കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 3.50 ലക്ഷം കോടിരൂപ എക്സൈസ് നികുതിയിലൂടെ വരുമാനവും ലഭിക്കുന്നു. രാജ്യത്ത് എല്ലാ ഉത്പന്നങ്ങള്‍ക്കും ഏകീകൃത നികുതി നടപ്പാക്കിയപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളെ അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതും ജനത്തിന്റെ പോക്കറ്റിക്കുന്നതിന് കാരണമായി. ഈ അവസരത്തില്‍ പ്രെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത് എന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു.