ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി. കോടതിയില്‍ കേന്ദ്ര ജലകമ്മിഷന് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടുപ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവില്‍ 137.6 അടിയാണ് ജലനിരപ്പ്.
ജൂണ്‍ പത്ത് മുതല്‍ നവംബര്‍ 30 വരെ പത്തുദിവസം ഇടവിട്ടുള്ള റൂള്‍ കര്‍വാണിത്. ജൂണ്‍ പത്തിന് 136 അടിയാണ് റൂള്‍ കര്‍വ്. പിന്നെ കൂടുന്നു. സെപ്റ്റംബര്‍ പത്തിന് 140 അടിയും 20-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂള്‍ കര്‍വ്. പിന്നെ വീണ്ടും കുറയുന്നു. ഒക്ടോബര്‍ 20 മുതല്‍ 138 അടിയും നവംബര്‍ 20-ന് 141 അടിയും 30-ന് പരമാവധി ജലനിരപ്പായ 142 അടിയുമാണ് നിശ്ചയിച്ച നിരപ്പ്.ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കേരളം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
രണ്ടുതവണ 142 അടിയില്‍ റൂള്‍ കര്‍വ് നിശ്ചയിച്ചത് ശരിയല്ല എന്ന നിലപാടാണ് കേരളത്തിന്. ഇതുമൂലം റൂള്‍ കര്‍വില്‍ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെയുള്ള കണക്കുപ്രകാരം സെക്കന്‍ഡില്‍ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതില്‍ 2077 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് ചൊവ്വാഴ്ച അടിയന്തര മേല്‍നോട്ടസമിതി ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ജലകമ്മിഷന് ചീഫ് എന്‍ജിനീയര്‍, കേരളം, തമിഴ്നാട് എന്നിവരുടെ ഓരോ പ്രതിനിധികള്‍ എന്നിവരാണ് സമിതിയില്‍. വെള്ളം തുറന്നുവിടുകയാണെങ്കില്‍ 24 മണിക്കൂര്‍ മുൻപ് അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്