
എരുമേലി: കോട്ടയം മുക്കൂട്ടുതറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. ഒക്ടോബര്‍ ഒമ്പത് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കവര്‍ന്നതിനുപുറമെ രണ്ടിടത്ത് മോഷണശ്രമവും നടന്നു. മുക്കൂട്ടുതറ ടൗണില്‍ തന്നെയുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
മുക്കൂട്ടുതറ ടൗണിലുള്ള ജെന്‍ഔഷധി, പേഴത്തുവയല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. നീതി മെഡിക്കല്‍സ്, തകടിയേല്‍ ഫിഷ് മാര്‍ട്ട് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു. പേഴത്ത് വയലില്‍ സ്റ്റോഴ്സിലെ സി.സി.ടി.വി.യില്‍ മോഷ്ടാവ് എന്ന് കരുതുന്നയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
തല തോര്‍ത്തുകൊണ്ട് മൂടിക്കെട്ടി മുഖം മൂടി ധരിച്ച ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതും അകത്തുകയറി ഡ്രോയറില്‍നിന്ന് പണമെടുക്കുന്ന ദൃശ്യങ്ങളുമാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം.
ജന്‍ ഔഷധിയിലെ സിസിടിവി ക്യാമറകള്‍ ഊരിമാറ്റിയ മോഷ്ടാവ് ഡിവിആര്‍ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു. സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസുകള്‍ ഊരി മാറ്റിയതിന് ശേഷമായിരുന്നു മോഷണം. ട്രാന്‍സ്ഫോര്‍മറിന്റെ ചുറ്റുമുണ്ടായിരുന്ന ഗേറ്റ് തകര്‍ത്താണ് മോഷ്ടാവ് ഫ്യൂസുകള്‍ ഊരിമാറ്റിയത്.
എരുമേലി എസ്.എച്ച്.ഒ. റ്റി.ടി. ബിജുവിന്റെയും എസ്.ഐ. രാജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാള്‍ തന്നെയാണോ മോഷണവും മോഷണശ്രമങ്ങളും നടത്തിയതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണവും നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
