മനാമ: രണ്ടാമത് മുഹറഖ് നൈറ്റ്സ് ആഘോഷത്തിന് ഡിസംബർ 14ന് തുടക്കമാവും. ബഹ്റൈന്റെ സാംസ്കാരിക, പൈതൃക കേന്ദ്രമായ മുഹറഖിൽ നടക്കുന്ന ആഘോഷം 10 ദിവസം നീളും. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾചറൽ ആൻഡ് റിസർച് സെന്ററുമായി സഹകരിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ ഒരുക്കുന്നത്.
ബഹ്റൈൻ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയിൽ കലാസദസ്സുകൾ, ഡിസൈനിങ്, വസ്ത്രാലങ്കാരം, കരകൗശല പ്രദർശനം, സംഗീത പരിപാടി, സിനിമ പ്രദർശനം, വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിൽപനയും തുടങ്ങി വൈവിധ്യമാർന്നതും എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്നതുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഹമ്മദ് മേട്ടറിന്റെ കലാരൂപങ്ങൾ ഹൗസ് ഓഫ് ആർക്കിടെക്ചറൽ ഹെറിറ്റേജിൽ എല്ലാ ദിവസവും നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും. ജംഷീർ ഹൗസിൽ എല്ലാ ദിവസവും ‘മെറ്റീരിയൽ ആൻഡ് കൺസർവേഷൻ’ എന്ന പേരിൽ പ്രദർശനം നടക്കും.
ഡിസംബർ 23 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴിന് ജംഷീർ ഹൗസിൽ മജ്ലിസ് ഉണ്ടായിരിക്കും. നിരവധി ക്രാഫ്റ്റ് വർക്ക്ഷോപ്പുകളും ദിവസേന നടക്കും. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും പേളിങ് പാത്തിലേക്ക് ആകർഷിക്കാൻ നിരവധി ടൂർ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ബാബ്കോ എനർജീസ്, ജി.എഫ്.എച്ച് ഗ്രൂപ്, മറീന ബഹ്റൈൻ, ബഹ്റൈൻ നാഷനൽ ബാങ്ക്, ഡിസൈൻ ക്രിയേറ്റിവ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മുഹറഖ് നൈറ്റ്സ് ആഘോഷം സംഘടിപ്പിക്കുന്നത്.