
സ്റ്റാര്‍വിഷന്‍ കേരള ബ്യൂറോ
കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം കണ്ണീരോടെ വിട നല്കി. എം.ടിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ സംസ്കരിച്ചു.
വൈകീട്ട് മൂന്നരയോടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ ‘സിതാര’യില്‍ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ചു മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ മലയാള ഭാഷയുടെ പെരുന്തച്ചന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
സാഹിത്യ, സിനിമാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുളളവര്‍ വീട്ടിലെത്തിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
