കുമളി: മക്കൾ നൽകിയ സമാനതകളില്ലാത്ത ക്രൂരതയുടെ നൊമ്പരവും പേറി ആ അമ്മ വിട പറഞ്ഞപ്പോൾ ഇടുക്കിയും കുമളി നഗരവും അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യുവിന് യാത്രമൊഴി നൽകി. കുമളി ബസ് സ്റ്റാൻഡിലൊരുക്കിയ പൊതുദർശനത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജും സബ് കളക്ടർ അരുൺ എസ്. നായരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അവസാന യാത്രയിലും കുമളി പോലീസ് ആ അമ്മയ്ക്ക് അകമ്പടിയൊരുക്കി. വീട്ടിലെ വളർത്തുനായയോട് കാണിക്കുന്ന പരിഗണനപോലും മക്കൾ നിഷേധിച്ച ആ അമ്മയുടെ ജീവിതം നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തി.
ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകയാതന അനുഭവിച്ച് അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു എന്ന 76 വയസുകാരി വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമാണുള്ളത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലായപ്പോൾ രണ്ട് മക്കൾക്കും ആ അമ്മ ഒരു ഭാരമായി. ഒടുവിൽ ഒരു വാടക വീടെടുത്ത് നൽകി അന്നക്കുട്ടിയെ ഉപേക്ഷിച്ച് മക്കൾ അവരുടെ ലോകത്തേക്ക് പോയി. മക്കൾ ഉപേക്ഷിച്ചതോടെ ആ അമ്മ പാതി മരിച്ചു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി വീട്ടിൽ മറിഞ്ഞുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതോടെയാണ് ദുരിതക്കയത്തിലായത്.
മക്കൾ സംരക്ഷിക്കാനില്ലാതെ ഒരു അമ്മ അട്ടപ്പള്ളത്ത് ദുരിതമനുഭവിക്കുന്നുവെന്ന പരാതി വെള്ളിയാഴ്ച കുമളി പോലീസിന് ലഭിച്ചതോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ
കുമളി സി.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. കേരള ബാങ്കിൽ ജോലി ചെയ്യുന്ന മകൻ, അമ്മയെ തിരിഞ്ഞു നോക്കാത്ത സാഹചര്യമായിരുന്നു. പിന്നീട് മകളും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. മകനെ ആശുപത്രിയിലേക്ക് വിളിപ്പിച്ചെങ്കിലും, വീട്ടിലെ വളർത്തുനായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.അന്നക്കുട്ടിയെ പരിചരിക്കാൻ വനിതാപോലീസിനെ നിയോഗിച്ച് സംരക്ഷണം കുമളി പോലീസ് എറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഒരു പോലീസ് ഉദ്യോഗസ്ഥ, ആ അമ്മയ്ക്ക് തണലായി ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തികരിച്ച് കുമളി പോലീസ് പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയിൽ സംസ്കരിച്ചു.