പട്ന: ഇന്ത്യയിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരാണ്. പുതിയ നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ബീഹാർ മന്ത്രിസഭയിലെ 32 മന്ത്രിമാരുടെ ശരാശരി ആസ്തി 5.83 കോടി രൂപയാണ്. 32 മന്ത്രിമാരിൽ 84 ശതമാനവും കോടീശ്വരൻമാരാണ്. സമ്പാദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ക്രിമിനൽ കേസുകളുടെ എണ്ണത്തിലും ബീഹാർ മന്ത്രിമാർ മുന്നിലാണ്. നിതീഷ് കുമാർ സർക്കാരിലെ 72 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.
ആർജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി 7.60 കോടി രൂപയാണ്. ആർജെഡിയുടെ സമീർ കുമാർ മഹാസേത്ത് ആണ് ഏറ്റവും ധനികനായ ബീഹാർ മന്ത്രി. 24.45 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം വെളിപ്പെടുത്തിയിയത്. മുഖ്യമന്ത്രിയുടെ പാർട്ടിയായ ജെഡിയുവിന്റെ മന്ത്രിമാരുടെ ശരാശരി ആസ്തി 4.56 കോടി രൂപയാണ്. ഘടകകക്ഷിയായ ഹിന്ദുസ്ഥാനി ആവാം മോർച്ച സെക്കുലറിന്റെ ഏക മന്ത്രിയുടെ ആസ്തി 2.57 കോടിയിലധികം രൂപയാണ്.