റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത വേദിക്ക് നേരെ ആക്രമണം. റഷ്യൻ മ്യൂസിക് ബാൻഡിന്റെ പെർഫോമൻസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തിൽ 62 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു.
ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് സ്ഫോടനവും നടത്തിയിട്ടുണ്ട്. ഇതോടെ ഹാളിന് തീപിടിച്ചു. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്.
ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക അറിയിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയ്ക്കൊപ്പം നിലനിൽക്കുന്നതായി അറിയിച്ച് രംഗത്തെത്തി. യുഎസ്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.