കുവൈത്ത് സിറ്റി: കുവൈത്തിൽ തീപ്പിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ വിമാനം പുറപ്പെട്ടു. ഡൽഹിയിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ട സി. 130ജെ ഹെർക്കുലീസ് വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ കൊണ്ടുവരിക.
എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിലരുടെ ഡി.എൻ.എ. പരിശോധന കഴിഞ്ഞെങ്കിലും ഫലം ലഭിച്ചിട്ടില്ല. എത്രപേരുടെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും എന്ന കാര്യത്തിൽ വ്യക്തമല്ല. മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 -ഓടെ കൊച്ചിയിലേക്ക് എത്തിക്കാൻ സാധിച്ചേക്കും എന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ വിമാനത്താവളത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് തിരിക്കും.
ഡൽഹിയിൽ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിൽ തന്നെ ആയിരിക്കുമോ മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ എത്തിക്കുക, അതല്ലെങ്കിൽ ഡൽഹിയിൽ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
25 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ എത്തുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് കൈമാറാനുള്ള മറ്റു നടപടികളും വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.