തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നത് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണം.
ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി.
മുല്ലപ്പെരിയാറിൽ ഒക്ടോബർ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസർവോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. അതിനു മുന്നോടിയായി ഇടമലയാർ അണക്കെട്ടും തുറന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സി എസ് ആണ്. പുറന്തള്ളൽ നില ഇരുപതാം തീയതിയിലെ കണക്കുപ്രകാരം 1750 സി എസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നത്.
ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.