കൊച്ചി: വൈറ്റിലയിലെ കോൺഗ്രസ് റോഡ് ഉപരോധസമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്സുണ്ടായേക്കും. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഐഎൻടിയുസി പ്രവർത്തകനായ ജോസഫിനെ ഈ കേസിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള ആലോചനയിലാണ്. വഴി തടഞ്ഞ് സമരം ചെയ്ത കേസിൽ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെ 15 പേർക്കെതിരെയും പൊലീസ് കേസുണ്ട്
വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.
വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്