കൊച്ചി : പുരാവസ്തു ശേഖരമെന്ന വ്യാജേനെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങൾ പ്രവാസി വനിതാ വഴിയെന്ന് റിപ്പോർട്ട്.
റോമിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ അനിത പുല്ലയിലാണ് മോൺസന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടാക്കി നൽകിയെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്.
അനിത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായുള്ള നിൽക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് പുറമേ വിവിധ രാഷ്ട്രീയ സിനിമ – സാമൂഹിക, പോലീസ് രംഗത്തെ നിരവധി പ്രമുഖർ ഇതിനോടകം മോൺസൻറെ ചിത്രങ്ങളിലുണ്ട്.
പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കൊപ്പം ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രങ്ങളും അടുത്ത ബന്ധം തോന്നിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും അവരുടെ ഫേസ്ബുക്ക് പേജിൽ ഉണ്ട്.
ഈ വിദേശ വനിതയും മോൺസനും തമ്മിൽ പരസ്പരം തർക്കമുണ്ടാവുകയും അതിനുശേഷമാണ് പോലീസ് അന്വേഷണം ശക്തമാവുകയും ചെയ്തതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
മോൺസന്റെ ബന്ധങ്ങൾക്ക് വഴിയൊരുക്കിയ വിദേശവനിതയെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുമ്പോൾ വിവിധ രാഷ്ട്രീയക്കാർക്കും, പോലീസ് ഉന്നതർക്കും, പ്രവാസി സംഘടനകൾക്കുമുള്ള കൂടുതൽ ബന്ധം വരും ദിവസങ്ങളിൽ പുറത്തുവരും.
മോൻസൺ മുഖ്യ രക്ഷാധികാരിയായി ഉണ്ടായിരുന്ന സംഘടനയുടെ ഭാരവാഹികൾ തള്ളിപ്പറയുകയും തങ്ങൾക്ക് യാതൊരു ബന്ധവുമില്ലായെന്നു വാർത്ത സമ്മേളനം നടത്തി പറയുമ്പോളും ദുരൂഹതകൾ ഏറുകയാണ്.