ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽഗാന്ധിയെ എൻഫോഴ്സ്മെൻറ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ആദ്യ രണ്ടു ദിവസവും പത്ത് മണിക്കൂറോളം വീതമാണ് രാഹുലിനെ ചോദ്യംചെയ്തത്. ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ രണ്ടിനാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചത്. രാഹുല്‍ വിദേശത്തായതിനാല്‍ ജൂണ്‍ 13ലേക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്ബനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.
2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. നാഷണല്‍ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാംതവണയാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
