കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവം നാടകം. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കവർച്ചാ നാടകമാണിതെന്ന് പോലീസ് കണ്ടെത്തി. ഇന്ത്യ വൺ എ.ടി.എം. കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽവെച്ച് കവർച്ച നടന്നെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പോലീസിനു മൊഴി നൽകിയത്. കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവരുകയായിരുന്നെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.
ഇത് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കവർച്ചാ നാടകമാണെന്നാണ് പോലീസ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാൾ കൂടി പോലീസ് വലയിലായിട്ടുണ്ട്. താഹയിൽനിന്ന് 37 ലക്ഷം രൂപ പോലീസ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എ.ടി.എമ്മിൽ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽനിന്ന് പുറപ്പെട്ടത്. എന്നാൽ പയ്യോളിയിലേക്കുള്ള യാത്രയ്ക്കിടെ പർദ്ദ ധരിച്ച ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരാൾ ആക്രമിച്ചെന്നുമായിരുന്നു സുഹൈൽ പോലീസിനു നൽകിയ മൊഴി. ഈ മൊഴിയില്‍ തുടക്കം മുതൽ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന് തന്നെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്.