ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിവിധ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിന് പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്ര സഹായം ആവശ്യപ്പെടാനുമാണ് മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വെൽനസ് ടൂറിസം, പിഡബ്ല്യൂഡി ഫോർ യു ആപ്പ് അടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
‘സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു. ടൂറിസം മേഖലയിലെ അൺ എക്സ്പ്ലോർഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നോട്ടു വെച്ചത്’ മുഹമ്മദ് റിയാസ് അറിയിച്ചു.