കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. മുഹമ്മദ് റിയാസും മുഖ്യമന്ത്രിപിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവിന്റെ അധിക്ഷേപം.
റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അഹ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പ്രസ്താവന.
അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത്
‘മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.. ഇത് വിവാഹമാണോ വ്യഭിചാരമാണ്. അത് വിളിച്ചു പറയാൻ ചങ്കൂറ്റം വേണം. തന്റേടവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ പ്രകടിപ്പിക്കണം.
സ്വവർഗ രതിക്ക് നിയമപ്രാബല്യം കൊണ്ട് വരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയസമ്മത പ്രകാരം ആരുമായും ലൈംഗികബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണ്. കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവർ അത് കൂടി ഓർക്കണം.
ഞങ്ങളിലില്ല ഹൈന്ദ്ര രക്തം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം എന്ന് പറഞ്ഞാൽ തന്നെ ഇസ്ലാമിൽ നിന്ന് പുറത്താൈണ്. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വർഗം വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവർ കാഫിറുകളാണ്.പിന്നെ നിന്റെ കൊച്ചാപ്പയ്ക്കും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയൻമാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ല’ അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. ലീഗ് നേതാവിന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.