ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. തുടര്‍ന്ന് ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന 50,000 ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യും. നാളെ ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. 24നാണ് നിര്‍ണ്ണായകമായ മോദി-ട്രംപ് കൂടിക്കഴ്ച നടക്കുക. കൂടിക്കാഴ്ചക്ക് പിന്നാലെ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.27ന് ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി സംസാരിക്കും. യു എന്‍ പൊതുവേദിയില്‍ വികസനം, സമാധാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും ഉന്നയിക്കുക. കശ്മീര്‍ വിഷയം ഉന്നയിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 22ന് എന്‍.ആര്.ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്നും ചടങ്ങ് ആയിരക്കണക്കിന് ആളുകളെ ആകര്ക്ഷിക്കുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചിരുന്നു. പരിപാടിയില്‍ നിയമജ്ഞരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍, സെനറ്റ് പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും പങ്കെടുക്കും. 2014ല്‍ അധികാരം ഏറ്റതിനു ശേഷം പ്രധാനമന്ത്രി അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണില്‍ നടക്കുക.