ന്യൂഡൽഹി: യു.എൻ സുരക്ഷാസമിതിയുടെ തുറന്ന ചർച്ചയിൽ സമുദ്ര സുരക്ഷയേയും അന്താരാഷ്ട്ര സഹകരണത്തേയും കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ചർച്ചയിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന ചർച്ചയിൽ പ്രധാനമായും മോദി സംസാരിച്ചത്.ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ അദ്ധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
അന്താരാഷ്ട്ര സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും ലോകരാജ്യങ്ങൾ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ മുൻകൈ എടുത്ത് സഹകരണം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും കൊള്ളയ്ക്കുമായി സമുദ്രപാതകൾ ദുരുപയോഗം ചെയ്യുകയാണ്. ചില രാജ്യങ്ങൾ തമ്മിൽ സമുദ്രസംബന്ധമായ തകർക്കങ്ങൾ ഉടലെടുക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അന്താരാഷ്ട്ര വ്യാപരത്തിന്റെ ജീവൻ എന്ന് പറയുന്നത് സമുദ്രപാതകളാണ്. ഭൂമിയുടെ നിലനിൽപ് തന്നെ സമുദ്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്.
എന്നാൽ, സമുദ്രപാതകൾ വിഭജിക്കുന്നതിലൂടെ നാം ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വിഭജനം ആദ്യം നിറുത്തലാക്കണം. ഇത് ഇല്ലാതാക്കിയാൽ മാത്രമേ സമുദ്രത്തിലൂടെയുള്ള വ്യാപാരം സുഗമമാകൂ. ഈ വിഷയത്തിൽ പ്രദേശിക സഹകരണമുണ്ടാകാൻ ഇന്ത്യ എന്നും ശ്രമിക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കാലാസ്ഥയെ രക്ഷിക്കാൻ നമുക്ക് സമുദ്രത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. കാരണം, സമുദ്രത്തിലുണ്ടാകുന്ന ഓരോ മാറ്റവും പ്രകൃതിയേയും ബാധിക്കും – മോദി പറഞ്ഞു. ഇന്നലെ വൈകിട്ട് 5-30യ്ക്ക് ആരംഭിച്ച ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനടക്കമുള്ള ലോകനേതാക്കൾ പങ്കെടുത്തു.
