
ന്യൂഡല്‍ഹി; ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പാരീസിലെത്തി. ഫെബ്രുവരി 11-ന് ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്കാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ചയും നടത്തും.
ഫ്രാൻസിന് പിന്നാലെ യു.എസ്സും മോദി സന്ദർശിക്കുന്നുണ്ട്. ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന പ്രതീക്ഷ നേരത്തേ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.
‘എന്റെ സുഹൃത്തായ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാന്‍ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കും’, മോദി യു.എസ് സന്ദർശനത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
സന്ദര്‍ശനം ഇന്ത്യ-യു.എസ്.എ. സൗഹൃദത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും വിവിധ മേഖലകളിലെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെബ്രുവരി 12,13 തീയതികളിലാണ് മോദി യു.എസ്. സന്ദര്‍ശിക്കുക.
