കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയായ ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ട് മനസിലാക്കി. കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി രണ്ട് മണിക്കുശേഷം അവിടെനിന്ന് മടങ്ങി. വെള്ളാർമല സ്കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം.
പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണം എന്നായിരുന്നു.സ്കൂൾ റോഡിന്റെ ഭാഗത്തെത്തിയ മോദി ദുരിതബാധിതരായ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റ് വിവരങ്ങളും ചീഫ് സെക്രട്ടറി ഡോ.വി വേണു വിശദീകരിച്ചു. കുട്ടികൾക്കുണ്ടായ പ്രശ്നങ്ങൾ, അവരുടെ ഭാവി, അനാഥരായ കുട്ടികൾ, എത്ര കുട്ടികൾ മരണപ്പെട്ടു, എത്ര കുട്ടികൾ മരിച്ചു എന്നീ വിവരങ്ങളും മോദി ചോദിച്ചറിഞ്ഞു. സ്കൂൾ പരിസരത്തെ തകർന്ന വീടുകളും കണ്ടു. എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.അര മണിക്കൂറോളം ചൂരൽമലയിലെ ദുരന്തമേഖല സന്ദർശിച്ചതിനുശേഷം പ്രധാനമന്ത്രി ബെയ്ലി പാലത്തിൽ കയറി. പാലത്തിലൂടെ നടന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.