തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് പൊതുജനങ്ങൾ മരിക്കുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധനകൾ നടത്തുന്ന സമ്പ്രദായം സർക്കാർ അവസാനിപ്പിക്കണമെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധന നടത്താൻ സർക്കാർ തയ്യാറാവണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടരുന്നതെന്നും സുധാകരൻ ആരോപിച്ചു.
ഹോട്ടലുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിഷം കലർന്ന ഭക്ഷണം വിളമ്പുന്നവർക്കെതിരെ കർശന ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കണം. കുറ്റമറ്റ പരിശോധന നടത്താൻ ഇനിയും എത്ര ജീവനുകൾ ബലികഴിക്കേണ്ടി വരുമെന്നും ഇത് ഭക്ഷ്യസുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യഅരക്ഷിതത്വ വകുപ്പാണോ എന്നും സുധാകരൻ ചോദിച്ചു.
അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് പരിഹാസ്യമാണ്. തുച്ഛമായ പിഴയിൽ ഹോട്ടലുകൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നത് വിഷം വിളമ്പുന്നവർക്ക് പ്രോത്സാഹനമാണ്. കൃത്യമായ പരിശോധനകൾ നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ അവർ തയ്യാറായിരുന്നെങ്കിൽ മനുഷ്യജീവൻ ബലിയർപ്പിക്കപ്പെടില്ലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് രണ്ട് വിലയേറിയ ജീവനുകളാണ് അധികൃതരുടെ അനാസ്ഥ മൂലം പൊലിഞ്ഞതെന്നും സുധാകരൻ പറഞ്ഞു.