തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ മറവില്‍ വീണ്ടും കല്ലിടാന്‍ കെ റെയില്‍ അധികൃതരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എത്തിയാല്‍ ഇരകളായ വസ്തു ഉടമകള്‍ക്ക് വേണ്ടി യുഡിഎഫും കെ.റെയില്‍ വിരുദ്ധ സമരസമിതിയും തുടര്‍ന്നും കല്ലുകള്‍ പിഴുതെറിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു. കെ.റെയില്‍ സര്‍വെക്കല്ല് പിഴുതതിനെ തുടര്‍ന്ന് മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷന് ജാമ്യം ലഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സുപ്രീംകോടതി സാമൂഹ്യ ആഘാതപഠനം നടത്തുന്നതിന് മാത്രമാണ് അനുവാദം നല്‍കിയത്. വസ്തു ഉടമകളുടെ അനുവാദം ഇല്ലാതെ അനധികൃതമായി കല്ലിടുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുഡിഎഫ് ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകും. അശാസ്ത്രീയവും അപ്രായോഗികവുമായ കെ.റെയില്‍ പദ്ധതിക്കെതിരായ ഹൈക്കോടതി വിധി വളരെ പ്രസക്തമാണ്. നിരവധി സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് സംസ്ഥാന സര്‍ക്കാരിന്റെ കെ.റെയില്‍ പദ്ധതി. ഇക്കാര്യം ഇന്ത്യന്‍ റെയില്‍വെ മന്ത്രാലയം ചൂണ്ടികാണിച്ചിട്ടുണ്ട്.
വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുന്നു.നഷ്ടപരിഹാരം നാലിരട്ടി നല്‍കുമെന്ന പച്ചക്കളം ആദ്യം പ്രചരിപ്പിച്ചു. പദ്ധതി കടന്ന് പോകുന്നിടങ്ങളില്‍ ബഫര്‍ സോണില്ലെന്ന് ഒരു മന്ത്രി നുണപ്രചരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം കെ.റെയില്‍ കടന്ന് പോകുന്ന ഇരുവശങ്ങളിലും പത്ത് മീറ്റര്‍ ബഫര്‍സോണുണ്ടെന്ന് കെ.റെയില്‍ എംഡി തന്നെ വ്യക്തമാക്കി. അലൈമെന്റ് സംബന്ധിച്ചും ആക്ഷേപമുണ്ട്. ഒരു മന്ത്രിതന്നെ അലൈമെന്റില്‍ മാറ്റം വരുത്താന്‍ ഇടപ്പെട്ടന്ന ആരോപണമുണ്ട്. കൂടാതെ പാവപ്പെട്ടവന്റെ കിടപ്പാടത്തിന്റെ കുറുകെ പോകുന്ന അലൈമെന്റ് ചില സമ്പന്നരുടെ പറമ്പ് എത്തുമ്പോള്‍ ആവശ്യമായ വളവും തിരുവും വരുകയും ചെയ്യുന്നു.
പദ്ധതിയുടെ ഭൂമിയെടുപ്പ് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഹൈക്കോടതി രേഖപ്പെടുത്തിയ ആശങ്കയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഭൂമി ഏറ്റെടുക്കാന്‍ അനാവശ്യ ധൃതി എന്തിനാണെന്ന ഹൈക്കോടതിയുടെ സംശയം തന്നെയാണ് തുടര്‍ച്ചയായി യുഡിഎഫും പ്രകടിപ്പിച്ചത്. ജനങ്ങളുടെ ആശങ്കയും വേദനയും പരിഹരിക്കാതെയും ബദല്‍മാര്‍ഗങ്ങള്‍ തേടാതെയും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി കേരളീയ സമൂഹത്തോട് തുറന്ന് പറയണമെന്നും ഹസന് പറഞ്ഞു.
തിരുവനന്തപുരം മുരുക്കുംപുഴയില്‍ കെ.റെയില്‍ സര്‍വെയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ട് മംഗലപുരം പോലീസ് എടുത്ത കേസില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് ഉള്‍പ്പെടുയുള്ളവര്‍ക്ക് സ്റ്റേഷന് ജാമ്യം ലഭിച്ചു. സെക്ഷന്‍ 434, 427,ഐപിസി 34 എന്നീവകുപ്പുകള്‍ ചുമത്തിയാണ് എംഎം.ഹസ്സന്, സമരസമിതി ചെയര്മാന് ഷാനവാസ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം മുനീര്‍, വി.എസ്. അനുപ്, സര്‍വ്വെക്കല്ലിട്ടതിനെതിരെ പ്രതിഷേധിച്ച വീട്ടുടമസ്ഥരായ നസീറ, ആരതി,ബിവിന തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.