കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു.
ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 71 വയസ്സായിരുന്നു. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്. നാല് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു.
കോൺഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.
മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.
പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.