തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക ഉണർവിന് ഉത്തേജനമാവേണ്ട സ്ഥാപനമാണ് കെ എസ് ആർ ടി സി. ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ഗതാഗത മേഖലയുടെ സ്ഥാനം വളരെ വലുതാണ്. ഒരുമിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ പ്രാപ്തിയുള്ള ഒരു സ്ഥാപനം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സമൂഹത്തിന് അന്യമാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ദിവസം ആറരക്കോടിയിലധികം വരുമാനമുള്ള കെ എസ് ആർ ടി സിക്ക് ഒരു മികച്ച അക്കൗണ്ടിംഗ് സംവിധാനം പോലും ഇല്ലാത്തത് യാദൃശ്ചികമല്ല. ബസുകൾ വാങ്ങിയില്ലെങ്കിലും സ്പെയർ പാർട്ടും, ഡീസലും ഉൾപ്പെടെ ദൈനം ദിനം കോടിക്കണക്കിന് രൂപയുടെ പർച്ചേസ് നടത്തുന്ന കെ എസ് ആർ ടി സിക്ക് ഈ ഇലക്ട്രോണിക് യുഗത്തിലും ശരിയായ സാമ്പത്തിക അവലോകന രീതി അവലംബിക്കാൻ കഴിയുന്നില്ല. ശരിയായ മോണിറ്ററിംഗ് നടന്നാൽ അഴിമതി നടത്താൻ കഴിയാത്തതിനാൽ അത്തരം ലാവണങ്ങളിൽ സ്ഥിരമായി കരാർ ജീവനക്കാരെ മാത്രം നിയോഗിക്കുന്നു. ഒരേ കാര്യത്തിന്റെ കണക്ക് രാവിലെ തരുന്നതല്ല ഉച്ചക്ക് തരുന്നത്, അതു രണ്ടുമായി ഒട്ടും പൊരുത്തപ്പെടാത്ത സംഖ്യയായിരിക്കും വൈകുന്നേരം എന്റെ മേശപ്പുറത്ത് എത്തുന്നത് എന്ന് ഒരു മാനേജിംഗ് ഡയറക്ടർ വിലപിച്ചത് നാം കണ്ടതാണ്. ഇപ്പോഴത്തെ സിഎംഡി നൂറു കോടി രൂപയുടെ അഴിമതിയെപ്പറ്റി ഒരിക്കൽ പറഞ്ഞുവെങ്കിലും പിന്നീടങ്ങോട്ട് അഴിമതിയോട് സമരസപ്പെട്ടത് നാം കാണുന്നു. അദ്ദേഹം ട്രാൻസ്പോർട്ട് സെക്രട്ടറികൂടിയാണെന്നത് കൗതുകകരമാണ്.
1200 കോടിയുടെ കൺസോർഷ്യം വായ്പ തിരിച്ചടവ് പൂർത്തിയായെന്ന് മാനേജ്മെന്റും സർക്കാരും ആണയിട്ടു പറഞ്ഞതിന് ശേഷമാണ് 450 കോടി ഇനിയും കിട്ടാനുണ്ടെന്ന് കെടിഡി എഫ് സി അവകാശമുന്നയിച്ചത്. അതിൽ വ്യക്തമായ മറുപടി നൽകാൻ ഇതുവരെ ആയിട്ടില്ല.
മുൻ മാസങ്ങളിൽ 40 കോടി രൂപ സീസൽ വാങ്ങിയതിന് അധികമായി നൽകിയതായി മന്ത്രി തന്നെ മാധ്യമങ്ങളോട് പലവട്ടം പറഞ്ഞതാണ്. ഇപ്പോൾ സീസൽ പർച്ചേസിലെ അഴിമതി പുറത്തു വന്നു. മൗനമാണ് മറുപടി. ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെളിപ്പെടുത്തലോടെ ഡീസൽ വാങ്ങുന്നത് വിപണി വിലയേക്കാൾ താഴ്ന്ന നിരക്കിലാണെന്ന് വ്യക്തമായി. പണം വകമാറ്റുന്നതിന് പ്രത്യേകം വൈദഗ്ദ്യമുള്ള സർക്കാരാണിത്. ജീവനക്കാരിൽ നിന്നും ഈടാക്കുന്ന എൻ പി എസ് വിഹിതം പോലും അടയ്ക്കുന്നില്ല. തുകയ്ക്ക് കൃത്യമായ കണക്കുമില്ല. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളെ ബാധിക്കുന്ന വിഷയത്തിൽ നിരവധി പരാതികൾ നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
സെക്രട്ടറിയേറ്റിന് മുന്നിൽ KST എംപ്ലോയീസ് സംഘ് (BMS) ന്റെ നേതൃത്വത്തിൽആരംഭിച്ച അനിശ്ചിതകാല പ്രതിഷേധ ധർണ്ണയുടെ ഒൻപതാം ദിവസത്തെ പ്രതിഷേധ പരിപാടികൾ 15-6-2022-ന് രാവിലെ 10.00 മണിക്ക് BM S തിരു. ജില്ല പ്രവർത്തക സമിതി അംഗം, ആർട്ടിസാൻ സംഘ് ജില്ലാ സെക്രട്ടറി, വ്യാപാരിവ്യവസായി സംഘ് ജില്ലാ വൈസ്. പ്രസിസന്റ് ശ്രീ. സുനിൽ കെ ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിംഗ് പ്രസിഡന്റ് ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ, സംസ്ഥാന ഭാരവാഹികളായ എസ്.സുരേഷ്, പ്രദീപ് V നായർ, KSTES ജില്ലാ ഭാരവാഹികളായ P.K സുഹൃദ് കൃഷ്ണ, A.S പദ്മകുമാർ, M ശശികുമാർ, , D.ബിജു, S.R. അനീഷ് എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
