ന്യൂഡല്‍ഹി: മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്കുന്നതില് പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതില് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ സത്യവാങ്മൂലം.
എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആദ്യസത്യവാങ്മൂലത്തെ മറികടക്കുന്നതിനായി പുതിയ സത്യവാങ്മൂലം സര്‍പ്പിച്ചു. 1992 ലെ എന്‍സിഎം (National Commission for Minoritise Atc) പ്രകാരം ആറ് സമുദായങ്ങളാണ് ന്യൂനപക്ഷമായി കണക്കാക്കപ്പെടുന്നത്. ക്രിസ്ത്യന്‍, സിഖ്, മുസ്ലീം, ബുദ്ധ, പാര്‍സി, ജെയിന് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ഇത് പ്രകാരം ആറ് വിഭാഗങ്ങള്‍ക്കും അവരുടെ താല്പര്യപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും എന്‍സിഎംഇഐ നിയമം (National Commission for Minorities Educational Institutions Atc) പ്രകാരം കഴിയും.
ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഹിന്ദുക്കള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാമെന്ന് കേന്ദ്രം ആദ്യ സത്യവാങ്മൂലത്തില്‍ പറയുന്നത്. ജമ്മു കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹിന്ദു, ജൂത, വഹായിസം വിശ്വാസികള്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ്. എന്നാല്‍ അവിടെ ഈ സമുദായങ്ങളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല. മറിച്ച് അവിടെയുള്ള യഥാര്‍ത്ഥ ഭൂരിപക്ഷ സമുദായങ്ങളെയാണ് ദേശീയ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമായി കണക്കാക്കുന്നത്. അവര്‍ക്കാണ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതും. അതിനാല്‍ തന്നെ ഇവിടെയുള്ള യഥാര്‍ത്ഥ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അശ്വനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജിയില്‍ പറയുന്നു.
