കോഴിക്കോട്: കുറച്ച് കാലങ്ങളായി കൈവശം വെച്ചിരുന്ന ന്യൂനപക്ഷ വികസന കോര്പ്പറേഷന് ചെയർമാൻ സ്ഥാനം നഷ്ടമായതോടെ ഐ.എന്‍.എല്ലിൽ തര്‍ക്കം തുടങ്ങി. ബോര്‍ഡ് കോര്പ്പറേഷന് വിഭജനം പൂര്‍ത്തിയായപ്പോള്‍ ചെയർമാൻസ്ഥാനം പാര്‍ട്ടിക്ക് വേണ്ടി തന്നെ നിലനിര്‍ത്താന്‍ നേതൃത്വത്തിന് ആയില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആക്ഷേപം.
ധനകാര്യ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കോര്‍പ്പറേഷന്റെ ഭരണം ഐ.എന്‍.എല്ലിൽ നിന്ന് മാറ്റാന്‍ കാരണമെന്നാണ് കരുതുന്നത്. പകരം സീതാറാം ടെക്സ്റ്റെയില്‍സിന്റെ ചെയര്മാന് സ്ഥാനമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ഭരണം ഇത്തവണ കേരള കോണ്‍ഗ്രസിനാണ്.
ഇതുവരെ മുസ്ലിം വിഭാഗത്തിന്റെ പ്രാമുഖ്യമുള്ള പാര്‍ട്ടികള്‍ക്കായിരുന്നു ഈ കോര്‍പ്പറേഷന്റെ അധ്യക്ഷപദവി നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇടതുമുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്ഥാനം ലഭിച്ചിരുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്കീമുകളാണ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനു കീഴില്‍ ഏറെയുമുള്ളത്. അതുകൊണ്ടാണ് അധ്യക്ഷ പദവിയിലേക്ക് മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെ ഇരു മുന്നണികളും പരിഗണിച്ചിരുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളെ ജനസംഖ്യാനുപാതികമായി പരിഗണിച്ചതിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസിന് ഈ സ്ഥാനം നല്കാന് തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.