
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ഇന്ത്യക്കാര്‍ ലഭ്യമാകുന്ന വിമാനങ്ങളില്‍ എത്രയും വേഗം തിരികെയെത്തണം. അതിന് കഴിയാത്തവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ദമാസ്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in എന്ന ഇമെയിലിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.
സിറിയയില്‍ ബഷാര്‍ അല്‍ അസദ് സര്‍ക്കാരും വിമതരും തമ്മില്‍ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് തുര്‍ക്കിയുടെ പിന്തുണയോടെയാണ് വിമതര്‍ പോരാടുന്നത്. നവംബര്‍ 27 മുതല്‍ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേര്‍ സിറിയയില്‍നിന്ന് പലായനം ചെയ്തിട്ടുണ്ട്.
