
കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി സമരത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്ക്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിനടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രി യാത്ര റദ്ദാക്കി.
കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.
പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പിന്നാലെ പൊലീസിന്റെ വലയം ഭേദിച്ച് മന്ത്രിക്കു നേരെയെത്തി. മന്ത്രിക്കൊപ്പം സ്പീക്കര്‍ എ.എന്‍. ഷംസീറുമുണ്ടായിരുന്നു.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധിക്കാം, പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അപലപിച്ചു. വീണയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.
പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശമനുസരിച്ചാണ് ആക്രമണം നടന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. പകരത്തിന് പകരം ആലോചിക്കുന്നില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആക്രമണത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധപ്രകടനം ഇന്നു തന്നെ നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ സി.പി.എം. നേതാക്കള്‍ ആശുപത്രിയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമണം നിഷേധിച്ചു. മന്ത്രിയുടെ ദേഹത്ത് പ്രതിഷേധക്കാര്‍ തൊട്ടിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നാടകമാണിതെന്ന് കെ.എസ്.യു. നേതാക്കള്‍ പറഞ്ഞു. സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷമ്മാസ് മാധ്യമങ്ങളോട് പറഞ്ഞു.


