
തിരുവനന്തപുരം: എന്‍ സി ഇ ആര് ടി പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ചരിത്ര നിഷേധം മെയ് 2 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. യോഗത്തില്‍ നേരിട്ട് പങ്കെടുത്ത് ഇക്കാര്യം അവതരിപ്പിക്കും.പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്ര സംഭവങ്ങള്‍ വെട്ടിമാറ്റുന്നത് നീതീകരിക്കാന്‍ ആവില്ല. കുട്ടികള്‍ യഥാര്‍ത്ഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്കു കാരണമാകും.
എസ്എസ്കെയ്ക്ക് കേന്ദ്രം നല്‍കാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാന്‍ ആവില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികള്‍ക്കുള്ള ഫണ്ട് ആണത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്കുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നത്.
എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് രണ്ടാം വാരം പ്രഖ്യാപിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
