
തിരുവനന്തപുരം: മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകിയ കെജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്കാര സമിതി പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൻ എസ് മാധവൻ, കെ ആർ മീര, ഡോ. കെ എം അനിൽ, പ്രൊഫ സി പി അബൂബക്കർ എന്നിവരടങ്ങുന്ന പുരസ്കാര സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു. ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും മലയാളത്തിന്റെ പ്രിയ കവി പറഞ്ഞു.


