കൊച്ചി : ലുലു ഫാഷൻ വീക്കിൻ്റെ സമാപന വേദിയിൽ ചേന്ദാലൂം ബ്രാൻഡ് ഷർട്ടിൽ റാംപിൽ നടന്ന് മന്ത്രി പി.രാജീവ്. ഫാഷൻ വീക്കിൻ്റെ സമാപന വേദിയിൽ ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കൃതി’ എന്ന പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശന ചടങ്ങിലാണ് മന്ത്രി റാംപ് വോക്ക് ചെയ്തത്.
നമ്മുടെ നെയ്ത്തുകാർക്കും കൈത്തറിക്കുമായി റാംപിൽ നടന്നുവെന്നും കൈത്തറിയുടെ പ്രചാരണത്തിനായി ബ്രാൻഡഡ് വസ്ത്രങ്ങൾ ഇറക്കുന്ന ലുലുവിൻ്റെ ഷോറൂമിൽ സർക്കാരിൻ്റെ ബ്രാൻഡഡ് കൈത്തറി / ഖാദി ഉൽപ്പന്നങ്ങളും വിൽക്കാമെന്ന് ലുലു ഗ്രൂപ്പ് അവിടെ വെച്ച് പ്രഖ്യാപിച്ചതും സന്തോഷകരമാണെന്നും അറിയിച്ച് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് രാത്രി 9 ന് ലുലു ഫാഷൻ വീക്കിൻ്റെ സമാപന വേദിയിൽ കൈത്തറിയുമായി ബന്ധപ്പെട്ട് ഒരു ചടങ്ങ് ഉണ്ടായിരുന്നു. ചേന്ദമംഗലം കൈത്തറിയിൽ നിന്നും ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കൃതി’ എന്ന പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശനമായിരുന്നു. ചേന്ദമംഗലത്തിനൊപ്പം ഖാദി ബോർഡിൽ നിന്നും തുണി വാങ്ങി ഫാഷൻ ഡിസൈനർമാർ തയ്യാറാക്കുന്ന വസ്ത്രങ്ങൾ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

പരിപാടിക്ക് ചെല്ലുമ്പോൾ ഞാൻ ധരിച്ചത് ‘ചേന്ദാലൂം ‘ എന്ന ബ്രാൻഡ് ഷർട്ടാണ്. പറവൂർ കൈത്തറി സംഘം – നമ്പർ 3428 ആണ് ഈ ബ്രാൻഡ് ഉൽപ്പാദിപ്പിക്കുന്നത്. വിവിധ കളറുകളിലുള്ള – കൈത്തറിയിൽ നെയ്തു എടുത്ത 100 % കോട്ടൻ നൂലാണ് ഇതിന്റെ ഉൽപ്പാദനത്തിന് ഉപയോഗിച്ചത്.

ഇക്കാര്യം ഞാൻ വിശദീകരിച്ചപ്പോൾ ഈ ബ്രാൻഡിൻ്റെ പ്രചാരണത്തിനായി റാമ്പിലൂടെ ഒന്ന് നടക്കാമോ എന്നായി ആങ്കർ. നമ്മുടെ നെയ്ത്തുകാർക്കും കൈത്തറിക്കുമായി റാമ്പിലൂടെ നടന്നു – ഹാൻടെക്സും ഖാദിയും ഇപ്പോൾ ബ്രാൻഡഡ് ഷർട്ടുകൾ വിപണിയിലെത്തിക്കുന്നുണ്ട്. ഷോറൂമുകളിൽ വരെ ഡിസൈനർമാരുടെ സേവനവും ഉറപ്പുവരുത്തുന്നുണ്ട്.
എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ കൈത്തറിയോ ഖാദിയോ ധരിക്കുന്നതു പോലെ ആഴ്ച്ചയിൽ ഒരുദിവസം മലയാളി കൈത്തറിയോ ഖാദിയോ ധരിക്കണമെന്ന അഭ്യർത്ഥനയും അവിടെ നന്നായി സ്വീകരിക്കപ്പെട്ടു.
കൈത്തറിയുടെ പ്രചാരണത്തിനായി ബ്രാൻഡഡ് വസ്ത്രങ്ങൾ ഇറക്കുന്ന ലുലുവിൻ്റെ ഷോറൂമിൽ സർക്കാരിൻ്റെ ബ്രാൻഡഡ് കൈത്തറി / ഖാദി ഉൽപ്പന്നങ്ങളും വിൽക്കാമെന്ന് ലുലു ഗ്രൂപ്പ് അവിടെ വെച്ച് പ്രഖ്യാപിച്ചതും സന്തോഷകരം.
