
തിരുവനന്തപുരം: ദേശീയപാത 66 നിർമാണത്തിനിടെ തകർന്ന സംഭവം ദൗർഭാഗ്യകരമെന്നും എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പല പ്രതിസന്ധികളും മറികടന്നാണ് ദേശീയപാത നിർമാണത്തിലേക്ക് സർക്കാർ കടന്നത്. നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിക്കാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.’ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോൾ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ ചാടിവീഴുകയാണ്. അവർ റോഡ് തകർച്ച ആഘോഷമാക്കി മാറ്റുകയാണ്. കൊവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടിലായിരുന്നു. ഭരിക്കുമ്പോൾ ദേശീയപാത നിർമാണം നടപ്പാക്കാൻ ത്രാണിയില്ലാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്.
മായാവി സിനിമയിലെ മമ്മൂട്ടിയെപ്പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റില്ല. സർക്കാർ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ സ്വയം മാദ്ധ്യമപ്രവർത്തകരാകും. സർക്കാർ പരസ്യം നൽകും. റീൽസ് തയ്യാറാക്കി ഷെയർ ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രി കൃത്യമായ ഏകോപനം നടത്തുന്നുണ്ട്. തകർന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേർന്ന് ചർച്ച ചെയ്തിട്ടുണ്ട്. പദ്ധതി കൃത്യമായി പൂർത്തിയാക്കണമെന്ന് മാത്രമാണ് സംസ്ഥാനത്തിന്റെ താൽപ്പര്യം. എന്തൊക്കെ വീഴ്ചകളുണ്ടോ അതെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് ‘, മന്ത്രി റിയാസ് പറഞ്ഞു.
കനത്ത മഴയെത്തുടർന്നാണ് തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും ദേശീയപാത 66 തകർന്നത്. കാസർകോട്ട് കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ സർവീസ് റോഡ് ഇടിഞ്ഞു താണു. ഇതേഭാഗത്ത് ദേശീയപാതയിൽ 20 മീറ്ററോളം നീളത്തിൽ വലിയ വിള്ളലുണ്ടായി. തൃശൂരിൽ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിലെ പാലത്തിൽ അമ്പതോളം മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു.കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാതയോട് ചേർന്ന് കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് നടത്തിയ ഭാഗത്ത് വിള്ളലുണ്ടായി. മലയിടിച്ചാണ് ദേശീയപാത നിർമ്മിച്ചത്. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞു.
മണ്ണും ചെളിവെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി. കാഞ്ഞങ്ങാട്ട് സർവീസ് റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവിടെ ഓവുചാൽ പണികൾ പൂർത്തിയായിരുന്നില്ല. മഴയത്ത് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ റോഡ് ഇടിയുകയായിരുന്നു. ചാവക്കാട് മണത്തലയിലെ പാലത്തിൽ ടാറിംഗ് പൂർത്തിയായ ഭാഗത്താണ് ആഴത്തിൽ വിള്ളലുണ്ടായത്. വീണ്ടും ടാറിട്ട് വിള്ളൽ അടയ്ക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തെത്തുടർന്ന് പലയിടത്തും നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
