മനാമ: കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ബിനു മണ്ണിൽ വറുഗീസ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രിഫെക്ട് കൗൺസിൽ അംഗങ്ങളുമായി മന്ത്രി സംവദിച്ചു.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും യുവജനങ്ങൾക്കിടയിൽ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ പ്രിൻസ് നടരാജൻ അധ്യക്ഷനായിരുന്നു.